Friday 4 January 2013

ആഗമനം അതായത് വരവ്

മാന്യ സദസിനു വന്ദനം, എന്റെ പേരു ബാബു, നാട് മല്ലികശേരി, പണി പാറമടയിൽ മിറ്റിലടി... 
കുറെ നാളുകളായി കാണുകയാണു ബ്ലോഗ്, ബൂലോകം, സൂപർ ബ്ലോഗർ,ഫോളോവേഴ്സ്, കമെന്റ് ,ഹിറ്റ്, മാങ്ങാത്തൊലി, മദിരാശി...ലിസ്റ്റ് നീളുകയാണു. അവസാനം ഞാനും തീരുമാനിച്ചു ഇതുപോലൊരെണ്ണം തുടങ്ങാനായിട്ട്. അതിനാദ്യം ചെയ്യേണ്ടത് കമ്പ്യൂട്ടറു മേടിക്കുകയും ഇന്റെർനെറ്റ് പഠിക്കുകയുമാണെന്നു തെക്കേതിലെ വിനോദ് പറഞ്ഞപ്പോൾ ഒന്നു ഞെട്ടി. പിന്നെ ഒന്നു നോക്കിയില്ല .അന്നേരെ പോയി വാങ്ങി ബ്ലാക്ക് ആന്റ് ഡെക്കറിന്റെ കമ്പ്യൂട്ടറ് ഒരെണ്ണം വലുത് നോക്കി അങ്ങട് വാങ്ങിച്ചു. പണം പോട്ടെ പത്രാസ് വരട്ടേ എന്നേ അന്നേരം ചിന്തിച്ചുള്ളൂ. പിന്നെ അത് വീട്ടിൽ കൊണ്ടുവന്ന് ഫിറ്റ് ചെയ്യിച്ചു ഒറ്റയിരുപ്പായിരുന്നു മൂന്നു മണിക്കൂർ അതിന്റെ മുൻപിൽ. അത്രേം നേരം കൊണ്ട് ഞാൻ കമ്പ്യൂട്ടർ ഫുള്ളായിട്ടു പഠിച്ചു.അതായത് കമ്പ്യൂട്ടർ എന്നാൽ ഒരു മഹാസാഗരമാണെന്നും ഞാനതിന്റെ മുൻപിൽ ‘ഓൺ’ ആക്കാനറിയാത്ത ഒരു കൊച്ചു കുട്ടിയാണെന്നും..

അതൊക്കെ പണ്ട് . ഇന്ന് ഞാനൊരു പ്രസ്ഥാനമാണു . എന്റെ കാര്യം കൊണ്ട് ഞാൻ തന്നെ തോറ്റിരിക്കുകയാണ്. നിങ്ങൾക്കട്ട് അതായത് എന്റെ ലക്ഷോപലക്ഷം വായനക്കാർക്കും പണി തരാനായി ഞാൻ ഒരു വരവുകൂടി വരും. ചിരിക്കാനും ചിന്തിക്കാനും ഞെട്ടാനും തയ്യാറായി കണ്ണിൽ വെള്ളമൊഴിച്ച് കാത്തിരിക്കുക.....നന്ദി നമസ്കാരം